Kerala
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സമ്മതിച്ചു ഗവർണറുടെ നയപ്രഖ്യാപനം. ജിഎസ്ടി നിരക്കുകളിലെ സമീപകാല പരിഷ്കരണംമൂലം വരുന്ന സാമ്പത്തിക വർഷം 8,000 കോടി രൂപയുടെ വാർഷിക വരുമാനനഷ്ടം ഉണ്ടാകുമെന്നു കണക്കാക്കുന്നു.
അമേരിക്ക ചുമത്തിയ ഉഭയകകക്ഷി താരിഫ് നടപടി കേരളത്തിലെ കയറ്റുമതി അധിഷ്ഠിത മേഖലകളായ കടൽ വിഭവങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി, കയർ, റബർ എന്നീ മേഖലകളെ പ്രതികൂലമായി ബാധിച്ചു. ഇതുവഴി 2500 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായി.
കടമെടുപ്പു പരിധിയിലെ നിയന്ത്രണവും ഐജിഎസ്ടി ക്രമീകരണവും മൂലം ഈ വർഷം മാത്രം സംസ്ഥാനത്തിന് 17,000 കോടി രൂപ നിഷേധിക്കപ്പെട്ടു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ അംഗീകൃത ശിപാർശകളിൽ ജിഎസ്ഡിപി മെത്തഡോളജിയിലെ വ്യതിയാനം മൂലം 4250 കോടി രൂപയുടെ അധിക നഷ്ടമുണ്ടായതായും പറയുന്നു.
ഈ ജനുവരി മുതൽ മാർച്ച് വരെ സംസ്ഥാനത്തിന് 12,000 കോടി രൂപ ലഭിക്കേണ്ടതായിരുന്നു. ഈ തുകയുടെ പകുതിയിലധികം വെട്ടിക്കുറച്ചതായും ഗവർണറുടെ നയപ്രഖ്യാപനത്തിൽ പറയുന്നു.
Kerala
തിരുവനന്തപുരം: ജനസംഖ്യാപരമായ മാറ്റത്തെ സവിശേഷ അവസരമാക്കി മാറ്റാൻ സംസ്ഥാനത്ത് ‘സിൽവർ ഇക്കോണമി’ കെട്ടിപ്പടുക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം.
കേരളത്തെ അനുഗ്രഹീത വാർധക്യകാലത്തിനുള്ള ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റുകയും അതിലൂടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഉന്നത നിലവാരമുള്ള ഇക്കോ-ടൂറിസം പ്രോത്സാഹിപ്പിക്കുക, സാമൂഹ്യ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതും ഇതിന്റെ ഭാഗമാണെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.
സംസ്ഥാനത്ത് പ്രായമായവരുടെ എണ്ണം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് രൂപകൽപ്പന ചെയ്തിട്ടുള്ള സാന്പത്തിക പ്രവർത്തനങ്ങളും വ്യവസായങ്ങളും ഉൾപ്പെടുന്ന ഒരു വിപണി സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ആരോഗ്യപരിപാലനം, വിനോദം, ഗതാഗതം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇതുമുന്നിൽ കണ്ടുള്ള പദ്ധതികൾക്കു രൂപംനൽകി നടപ്പിലാക്കുക എന്നതാണ് സിൽവർ ഇക്കോണമിയുടെ പ്രധാന സവിശേഷത.